ബര്‍ലിന്‍: വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിക്കും സര്‍ക്കാരിന്റെ അവഗണനയ്ക്കുമെതിരെ ജര്‍മ്മനിയില്‍ ഫാര്‍മസിസ്ററുകള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. മാര്‍ച്ച് 23 ന് തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ ഭൂരിഭാഗം മരുന്നുകടകളും അടഞ്ഞുകിടന്നു. ഇതോടെ മരുന്നുകള്‍ക്കായി എത്തിയ ആയിരക്കണക്കിന് ആളുകള്‍ പ്രയാസത്തിലായി.
ഫാര്‍മസികള്‍ക്കുള്ള ഫണ്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് പണിമുടക്കിലേക്ക് നയിച്ചത്. ബര്‍ലിന്‍, മ്യൂണിക്ക്, ഡ്യൂസ്സല്‍ഡോര്‍ഫ്, ഹാനോവര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. 'ഫാര്‍മസികള്‍ സൗജന്യമായി ലഭിക്കുന്ന ഒന്നല്ല' എന്നെഴുതിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചാണ് ഫാര്‍മസിസ്ററുകള്‍ തങ്ങളുടെ അമര്‍ഷം രേഖപ്പെടുത്തിയത്.
പ്രതിഷേധത്തിന് പിന്നിലെ കാരണങ്ങള്‍
സേവന നിരക്കിലെ വര്‍ദ്ധനവ്: 2013~ന് ശേഷം പ്രിസ്ക്രിപ്ഷന്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി ഫാര്‍മസികള്‍ക്ക് ലഭിക്കുന്ന ഫീസില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ ഒരു പാക്കറ്റിന് 8.35 യൂറോയാണ് ലഭിക്കുന്നത്. ഇത് 9.50 യൂറോയായി വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ചെലവ് വര്‍ദ്ധന: കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജീവനക്കാരുടെ ശമ്പളം, കെട്ടിട വാടക തുടങ്ങി നടത്തിപ്പ് ചെലവുകളില്‍ 65 ശതമാനത്തോളം വര്‍ദ്ധനവുണ്ടായതായി ഫാര്‍മസിസ്ററ് അസോസിയേഷനുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫാര്‍മസികളുടെ എണ്ണം കുറയുന്നു: സാമ്പത്തിക ബാധ്യത മൂലം ജര്‍മ്മനിയില്‍ മരുന്നുകടകള്‍ വ്യാപകമായി പൂട്ടുകയാണ്. 2025 അവസാനത്തോടെ രാജ്യത്തെ ഫാര്‍മസികളുടെ എണ്ണം 16,600 ആയി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 440 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും അത്യാഹിത വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ചുരുക്കം ചില ഫാര്‍മസികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നിയമപരമായ ക്രമീകരണം ചെയ്തിരുന്നു. എന്നാല്‍ സാധാരണക്കാര്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ വലിയ തടസ്സമാണ് ഇന്നത്തെ പ്രതിഷേധം ഉണ്ടാക്കിയത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ഫാര്‍മസി സംഘടനകളുടെ നിലപാട്. എന്തായാലും ജര്‍മനി നിലവില്‍ പ്രതിഷേധ നഗരങ്ങളുടെ നാടായി മാറി.

Comments: